Thursday, March 25, 2021

സായാഹ്നം എത്ര സുന്ദരമാണ്..... കവിളുകൾ തുടുത്തു സർവാഭരണ വിഭൂഷിതയായി പ്രണയാതുരയായ നവോഡയെപ്പോലെ പകൽ കൂടണയുന്നത് കണ്ടിട്ടുണ്ടോ........ കൂടു തേടി പ്പോകുന്ന പറവകൾ. വട്ടമിട്ടു പറക്കുന്ന പരുന്തും ഇനി കൂട്ടിൽ എത്തിയാലോ അന്നത്തെ വിശേഷം പറയുന്നത് പോലെ ആകെ കലപില ബഹളം. വല്ലപ്പോഴും തിരക്കുകൾ മാറ്റി വച്ചു ഒന്ന് കണ്ടു നോക്കണം. സ്വയം മറന്നു ഇരുന്ന് പോകും. അഞ്ചു വർഷം മുൻപ് എന്നെ ക്ഷണിച്ചതാണ്. ആ കൂട്ടായ്മ ഒന്ന് കാണാൻ ഞാൻ പോയത് വളരെ വൈകിയാണ്. അവരുടെ കൂടെ ചേർന്നിട്ടു ഒന്നും ചെയ്യാനില്ല എന്ന് കരുതി. കുറച്ചു തിരക്കുകളും ഉണ്ടായിരുന്നു. പക്ഷേ എന്നെ ഒരുപാടു അതിശയിപ്പിച്ചു അവരുടെ എനർജി ലെവൽ. വീടിനു അടുത്തുള്ള "ഇളവെയിൽ". ജോലിയിൽ നിന്നു വിരമിച്ചവർ ആയിരുന്നു മിക്ക അംഗങ്ങളും. സാധാരണ വിരമിച്ചാൽ ഒന്നും ചെയ്യാനില്ലാതെ രോഗങ്ങളുടെ പിടിയിൽ പെട്ടു പോകുന്നവരെ ആണ് ഞാൻ കണ്ടിട്ടുള്ളത്. ഇവർ അങ്ങനെ അല്ലായിരുന്നു. വെറും നടക്കാൻ പോകുന്നവരുടെ ഒത്തുചേരൽ ആയിരുന്നത് വളർന്നു പാട്ടും ഡാൻസും സാഹിത്യ രചനയും പ്രസംഗവും ആരോഗ്യ ക്ലാസ്, യോഗ ടിപ്സ് ഒക്കെ ആയി സജീവമായ ഒരു കൂട്ടം ആളുകൾ. ജീവിതം ആഘോഷമാണ് ഇവിടെ. അംഗത്വ ഫീസ് ഇല്ല. വലിയ നിയമാവലികൾ ഇല്ല. എഴുതി ചേർക്കാത്ത അച്ചടക്കം മാത്രം. തൊണ്ണൂറ്‌ വയസു തികഞ്ഞ വർമ സാർ ഇപ്പോഴും ഭാര്യയേയും കൂട്ടി സ്വയം ഡ്രൈവ് ചെയ്തു ഞങ്ങളുടെ ഞായറാഴ്ച്ചകൾ സുന്ദരമാക്കി. ചെറുപ്പക്കാരിൽ പോലും അദ്ദേഹം ഉന്മേഷം നിറച്ചു. അവിടുത്തെ ഓരോ അംഗവും കഴിവിന്റെ കുറച്ചു ഭാഗം മാത്രം പുറത്ത് കാട്ടുന്ന മഞ്ഞു മല ആണെന്ന് തോന്നിയിട്ടുണ്ട്. പാട്ട് പാടാത്തവരെയും പാട്ടുകാരാക്കുന്ന ഗാന സന്ധ്യകൾ. ഇനി തിരിച്ചു വരുമോ എന്നു പോലും അറിയില്ല. നഷ്ടമാകുമ്പോൾ ആണല്ലോ വില അറിയുന്നത്. മറ്റുള്ളവരുടെ കണ്ണിലൂടെ ആരെയും കാണാൻ പാടില്ല എന്നു ഓർമിപ്പിച്ചു മേജർ സാർ. കടും പിടുത്തക്കാരൻ എന്നു പേര് കേട്ട അദ്ദേഹം ഉള്ളിൽ നന്മ കാത്തു വച്ച ഒരു മനുഷ്യ സ്നേഹി തന്നെ ആയിരുന്നു. അനായാസേന മരണം ബിനാ ദൈന്യേന ജീവിതം ഒറ്റയ്ക്ക് ജീവിച്ച സാറിന് ഭഗവാൻ കൊടുത്ത അനുഗ്രഹം അതായിരുന്നു. കൊറോണ അരങ്ങു വാണ സമയത്ത് സാറിനെ ഒന്ന് കാണാൻ മനസ് പറഞ്ഞപ്പോൾ അനുസരിക്കാത്തത് ഓർത്തു പിന്നെ വിഷമിച്ചു സാർ വിട്ടു പോയ ശേഷമാണ് അറിഞ്ഞത് തന്നെ. സാറിനും അങ്ങനെ തോന്നിക്കാണും ഉറപ്പാണ്. അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥിക്കാനല്ലേ ഇനി കഴിയൂ. ഇതൊക്കെ പട്ടണത്തിൽ എന്നു കരുതി നാട്ടിലേക്കു പോയപ്പോൾ അമ്മയെ കാണാൻ അപ്പോയ്ന്റ്മെന്റ് എടുക്കണം എന്നു തോന്നി. അവിടെ ഭക്തിയുടെ മുന്നേറ്റമാണ്. കൊറോണ തകർത്തത് കുട്ടികളുടെ സന്തോഷമാണല്ലോ. നമ്മുടെ അമ്മമാർക്ക് ഇത് രണ്ടാം ബാല്യമല്ലേ വീണ്ടും അവരുടെ ദിനങ്ങൾ സജീവമാകാൻ പ്രാർത്ഥിക്കാം.


No comments: