Friday, March 26, 2021

നമ്മൾ വെള്ളം ഒഴിച്ച് വളർത്തുന്ന ചെടികളേക്കാൾ വളർച്ച നേടുന്നത് കളകൾ ആണ്.

ഉറുമ്പ് കരയാറുണ്ടോ..... 
 ദുഃഖം വരുമ്പോൾ തല അറിയാതെ താഴ്ന്നു പോകും അപ്പോളാണ് മണ്ണിനെ നെഞ്ചോടു ചേർത്തു വളരുന്ന പുൽക്കൊടിയെയും ഉറുമ്പിനെയും ഒക്കെ കാണുക. ആനയേക്കൾ ചെറുത്‌ ആണ് തന്റെ ശരീരം എന്ന് പറഞ്ഞു ഉറുമ്പ് കരയാറുണ്ടോ. ആനയേക്കാൾ ഉത്സാഹത്തോടെ പണി എടുക്കുകയും സമർഥമായി സ്വന്തം ജീവിതം പ്ലാൻ ചെയ്യുകയുമാണ് ഈ ചെറിയ ജീവി ചെയ്യുന്നത്. പക്ഷേ മനുഷ്യന്റെ കാര്യം ആലോചിച്ചു നോക്കൂ. എപ്പോഴും താരതമ്യം ചെയ്യാനും മറ്റൊരാൾ ആകാനും ശ്രമിക്കുകയാണ് ചെയ്യുന്നത്. കുഞ്ഞു പിച്ച വച്ചു തുടങ്ങുമ്പോൾ നമ്മൾ പറഞ്ഞു തുടങ്ങും അവനെ പോലെ ആകൂ. അവനെ കണ്ടു പഠിക്ക് എന്ന്. ഇത് കുഞ്ഞുങ്ങളിൽ അപകർഷത വളർത്തും. തന്നെ ഒന്നിനും കൊള്ളില്ല എന്ന് അവൻ കരുതും. ഇനി ചില രക്ഷകർത്താക്കൾ അമിത സ്നേഹം കാണിക്കും. ഫലമോ കുട്ടി ചെറിയ പരാജയങ്ങൾ പോലും താങ്ങാൻ കഴിയാത്തവനായി മാറും. അടുത്ത വീട്ടിലെ കുട്ടിയെ അഭിനന്ദിച്ചു കൊള്ളൂ. ഒപ്പം നമ്മുടെ കുട്ടിയോടും നിനക്ക് ഇതിലും നന്നായി ചെയ്യാൻ പറ്റും എന്ന് പറഞ്ഞു നോക്കൂ. അടുത്ത തവണ അവൻ കൂടുതൽ ഭംഗി ആക്കും സംശയമില്ല. അതായത് ലാളനയും ശിക്ഷയും അമിതമാകാതെ ഇരിക്കട്ടെ എന്തിനും ഏതിനും പിന്നാലെ നടന്നു നിയന്ത്രിക്കാതെ അവരെ സ്വയം വളരാൻ അനുവദിക്കാം. നമ്മൾ വെള്ളം ഒഴിച്ച് വളർത്തുന്ന ചെടികളേക്കാൾ വളർച്ച നേടുന്നത് കളകൾ ആണ്. എന്തു കൊണ്ടാണ് എന്ന് ആലോചിച്ചിട്ടുണ്ടോ. ആഴത്തിൽ പോകുന്ന അവയുടെ വേരുകൾ മണ്ണിൽ നിന്നു ആവശ്യമായത് സ്വയം കണ്ടെത്തുന്നു. മനുഷ്യന്റെ കാര്യത്തിൽ ഈ വേരുകൾ എന്നത് ആഴത്തിൽ ഉള്ള ഈശ്വര വിശ്വാസം തന്നെ ആണ്. ഏതു പ്രതിസന്ധിയും തരണം ചെയ്യാൻ വിശ്വാസം അവരെ പ്രാപ്തരാക്കും. കുട്ടികളെ സ്വന്തം കാലിൽ നിൽക്കാൻ പഠിപ്പിക്കാം. മരച്ചില്ലയിലെ പക്ഷി ചില്ല ഒടിഞ്ഞു പോകുമ്പോൾ താഴെ വീഴുന്നില്ല പകരം പറന്നു പൊങ്ങും. അതിന്റെ ചിറകിൽ ഉള്ള വിശ്വാസം ആണ് അതിനു കാരണം. പ്രശ്നങ്ങൾ സ്വയം കൈകാര്യം ചെയ്യുമ്പോൾ കുട്ടിയുടെ ആത്മവിശ്വാസം കൂടുന്നു. എവിടെ പോയാലും വിജയിച്ചു മുന്നേറാൻ അങ്ങനെ അവൻ കരുത്തു നേടും. വളരെ കുറച്ചു ദൂരം ആണെങ്കിലും നടന്നു കൊണ്ടിരുന്നാൽ ഏറെ ദൂരം എത്താൻ കഴിയും. പുറമെയുള്ള സൗന്ദര്യമോ. ജാതിമത ഭേദമോ ആൺ പെൺ വ്യത്യാസമോ ഒന്നും നമ്മെ പിന്നിലേക്ക് വലിക്കാൻ അനുവദിക്കരുത്. പല നിറത്തിലും വലുപ്പത്തിലും ഉള്ള പൂക്കൾ ചേരുമ്പോൾ ആണ് പൂന്തോട്ടം ഭംഗി ഉള്ളത് ആവുക.

No comments: