Thursday, March 25, 2021

മിന്നാമിനുങ്ങ് ആകാം..... 
 ******************** 
ഈയിടെ ആയി കാണുന്ന ഒരു പ്രവണത ആണ്. ഡോക്ടർ മാരുടെ സമീപനം. "പഠിച്ച ആളല്ലേ നിങ്ങൾ അത് കൊണ്ടു തുറന്നു പറയുകയാണ്....." എന്നു പറഞ്ഞു കൊണ്ടു രോഗിയോടും ബന്ധുക്കളോടും രോഗ വിവരവും അതിന്റെ കാഠിന്യവും പറഞ്ഞു കേൾപ്പിക്കുക. പണ്ട് അങ്ങനെ അല്ലായിരുന്നു. ഇതൊക്കെ ഭേദമാകും ഓടി നടക്കും എന്നാണ് പറഞ്ഞിരുന്നത്. രണ്ടാമത്തെ വാക്കുകൾ നൽകുന്ന ആശ്വാസം എത്ര വലുതാണ്. ബാക്കി ഉള്ള ദിവസങ്ങൾ ഉത്സാഹത്തോടെ അവർ ജീവിക്കും. മറിച്ചു എല്ലാം കഴിയുന്നു എന്ന ചിന്ത അവരെ തളർത്തിയാലോ ചിലപ്പോൾ കഠിനമാകാതെ ഒഴിഞ്ഞു പോകാവുന്ന ഒരു രോഗം പോലും മാരകമായി തീരും. ബന്ധുക്കളുടെ സഹതാപം നിറഞ്ഞ നോട്ടം മതി അവനെ വിഷാദത്തിലേക്ക് തള്ളിയിടാൻ. മനുഷ്യ മനസിന്‌ അത്ര ഏറെ കഴിവുണ്ട്. ആത്മ വിശ്വാസം വളർന്നാൽ ഏതു പ്രതി സന്ധിയും തരണം ചെയ്തു മുന്നേറാനുള്ള വലിയ കഴിവ്. 

ഒരു കഥ പറയാം:

ഒരാൾ ഭാവി അറിയാൻ ജ്യോൽസ്യനെ കാണാൻ പോയി ജോതീഷി പറഞ്ഞു ദശാസന്ധിയാണ് പാമ്പ് കടിച്ചു മരിക്കും എന്നു. വേറെ ഒരാളിനോടും ഇത് തന്നെ പറഞ്ഞു. ആദ്യത്തെ ആൾ പ്രവചനം ഫലിക്കുന്ന ദിവസം കാത്തു കഴിഞ്ഞു. രണ്ടാമനോട് സുഹൃത്ത്‌ പറഞ്ഞു അതൊന്നും ഫലിക്കില്ല. നീയ് നല്ലവണ്ണം പ്രാർത്ഥിക്കൂ. എല്ലാം നേരെ ആകും. ദിവസങ്ങൾ കഴിഞ്ഞു. ഒന്നാമൻ ഭക്ഷണം കഴിക്കാതെ ഉറക്കം ഇല്ലാതെ വരാൻ പോകുന്ന ആപത്തിനെ കാത്തിരുന്നു. രണ്ടാമൻ ജീവിതം ഒന്ന് കൂടി ചിട്ടപ്പെടുത്തി. ആഘോഷമാക്കി. സന്തോഷമായി കഴിഞ്ഞു. രണ്ടു പേർക്കും അവർ കാത്തിരുന്നത് തന്നെ കിട്ടി. ഒന്നാമൻ കഥയിൽ നിന്നു അപ്രത്യക്ഷനായി. രണ്ടാമന്റെ കാലിൽ പാമ്പിന്റെ മാതൃകയിലെ കളിപ്പാട്ടം കൊണ്ടു ചെറിയ മുറിവ് പറ്റി. ഒരാളിന് എങ്കിലും പ്രതീക്ഷ നൽകാൻ കഴിയുക. തോളിൽ തട്ടി ഇതൊന്നും സാരമില്ല എന്നു പറഞ്ഞു അശ്വസിപ്പിക്കാൻ കഴിയുക ഒരു വലിയ കാര്യമാണ്. നമ്മുടെ ഒരു വാക്ക് അയാളെ തിരികെ ജീവിതത്തിലേക്ക് മടക്കി കൊണ്ടു വരും. ഇരുട്ടാണ് എന്നു കുറ്റപ്പെടുത്താൻ എളുപ്പമാണ്. പക്ഷേ ചെറിയ ഒരു തിരി കൊളുത്തിയാൽ മുന്നോട്ടുള്ള യാത്രക്ക് ആ ഇത്തിരി വെളിച്ചം പിടിച്ചു നടന്നാൽ മതിയല്ലോ.

No comments: